കണിച്ചാർ : മലയോര മേഖലകളിൽ കുരങ്ങുശല്യം അതിരൂക്ഷമായതോടെ തെങ്ങ് കർഷകർ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കണിച്ചാർ ഗ്രാമപഞ്ചായത്തിലെ നിടും പുറംചാൽ മേഖലയിലാണ് കുരങ്ങു ശല്യം കാരണം നാളികേര കൃഷി പൂർണ്ണമായും തകർച്ചയുടെ വക്കിലെത്തിനിൽക്കുന്നത്. വിളഞ്ഞുതുടങ്ങുന്ന തേങ്ങയും ഇളനീരും കുരങ്ങുകൾ കൂട്ടത്തോടെ നശിപ്പിക്കുന്നതുമൂലം സ്വന്തം പറമ്പിലെ തെങ്ങിൽ നിന്ന് ഒരു തേങ്ങ പോലും ലഭിക്കാത്ത അവസ്ഥയിലാണ് കർഷകർ.
കൂട്ടത്തോടെയെത്തുന്ന കുരങ്ങുകൾ ഇളനീരുകൾ കുടിച്ചുതീർത്ത ശേഷം ബാക്കിയുള്ളവ വെട്ടിയിട്ട് നശിപ്പിക്കുകയാണ്.
വർദ്ധിക്കുന്ന സാമ്പത്തിക നഷ്ടം: മാസം തോറും ആയിരക്കണക്കിന് രൂപയുടെ വരുമാനമാണ് ഓരോ കുടുംബത്തിനും നഷ്ടപ്പെടുന്നത്. വളവും വെള്ളവും നൽകി സംരക്ഷിക്കുന്ന തെങ്ങുകളിൽ നിന്ന് യാതൊരു ആദായവും ലഭിക്കുന്നില്ലെന്ന് കർഷകർ വേവലാതിപ്പെടുന്നു.
വനംവകുപ്പും ജനപ്രതിനിധികളും വിഷയത്തിൽ ഉടനടി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കുരങ്ങുകളെ കാട്ടിലേക്ക് തുരത്താനും, ദുരിതത്തിലായ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാനും അടിന്തര നടപടി വേണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Coconuts are becoming hard to come by for farmers in Nidumpuram Chal.






















